പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ ഹിറ്റാച്ചി (എക്‌സ്‌കവേറ്റർ) മറിഞ്ഞുണ്ടായ അപകടത്തിൽ ഓപ്പറേറ്റർ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവാണ് മരിച്ചത്. ഇയാളുടെ പേരും മറ്റ് വ്യക്തിഗത വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. മുളഞ്ഞൂരിൽ മുറിച്ചിട്ട മരത്തടികൾ ലോറിയിലേക്ക് കയറ്റുന്നതിനായി എത്തിയതായിരുന്നു ഹിറ്റാച്ചി. ജോലികൾ പൂർത്തിയാക്കിയ ശേഷം ഹിറ്റാച്ചി ലോറിയിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ഹിറ്റാച്ചി ലോറിയിലേക്ക് കയറ്റുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് മറിഞ്ഞതോടെ ഓപ്പറേറ്റർ വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടതോടെ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഷൊർണൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും ഒറ്റപ്പാലം പൊലീസും സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ച യുവാവിൻ്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൻ്റെ കൃത്യമായ സാഹചര്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും സ്ഥിരീകരിക്കാനുണ്ട്. ഇവിടെ ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെയാണ് ഇദ്ദേഹത്തിന് ഈ ദാരുണാപകടം സംഭവിച്ചത്. മൃതദേഹം നിലവിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.